2013, ജൂൺ 1, ശനിയാഴ്‌ച

എന്റെ മകനെ 15 ദിവസം അവര്‍ ഉറക്കിയില്ല



 യു.എ.പി.എ. ഭീകരിയമത്തിന്റെ ബലിയാടുകള്‍ - 2 


ആലുവാ കുഞ്ഞുണ്ണിക്കര സ്വദേശി അന്‍സാര്‍ നദ് വിയുടെ വീട് ഏതൊരാള്‍ക്കും അന്യേഷിച്ചുകണ്ടത്താന്‍ എളുപ്പമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്നയാളുടെ വീടെവിടെ എന്നു ചോദിച്ചാല്‍ മതി. ആരും കാണിച്ചുതരും. 2008 മാര്‍ച്ച് 23നു ഈരാറ്റുപേട്ട സ്വദേശിയായ സുഹൃത് ശാദുലിയോടൊപ്പം അവന്റെ ജ്യേഷ്ഠന്‍ ശിബിലിയുടെ അരികിലേക്കെന്നു പറഞ്ഞ് പുറപ്പെട്ടതാണ്. ഇതുവരേക്കും തിരിച്ചുവന്നിട്ടില്ല. മാര്‍ച്ച് 26നു വെളുപ്പാന്‍കാലത്ത് നാലുമണിക്ക് ഇന്‍ഡോറില്‍ ചെന്നിറങ്ങിയ അവര്‍ വിശ്രമിക്കുകയായിരുന്ന വീട്ടില്‍ നിന്നു പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നത്രേ. നിരോധിത സംഘടയായ സിമിയുടെ പ്രവര്‍ത്തനത്തിനായി സംഘടിച്ചു എന്നായിരുന്നു അന്‍സാര്‍ നദ്  വിയുടെപേരിലും ചുമത്തിയിരുന്ന കുറ്റം. പിന്നീട് രാജ്യത്തു നടന്ന എല്ലാ സ്ഫോടനങ്ങളിലും അന്‍സാറിനെയും പ്രതിയാക്കി. മാര്‍ച്ച് 27നു പോലിസ് വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ട വിവരം താന്‍ അറിയുന്നതെന്ന് അന്‍സാറിന്റെ പിതാവ് അബ്ദുര്‍റസാഖ് പറയുന്നു. 

ഇന്‍ഡോറില്‍നിന്നാണ് അറസ്റ്റ് ചെയ്തിരുന്നതെങ്കിലും പിന്നീട് രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്ന സ്ഫോടനങ്ങളില്‍ അന്‍സാറടക്കമുള്ള പലരേയും പ്രതികളാക്കി. അന്‍സാറിനെ കാണുന്നതിനായി ഇന്‍ഡോറിലേക്കു ഞങ്ങള്‍ പോയിരുന്നു. അവിടെയെത്തുമ്പോള്‍ കര്‍ണാടകയിലെ ഹുബ്ളിയില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് ആരോപിച്ച് അന്‍സാറിനെ കര്‍ണാടക ബല്‍ഗാം ജയിലിലേക്കു മാറ്റിയിരിക്കുകയായിരുന്നു. മുംബൈ സ്ഫോടനത്തില്‍ പങ്കുണ്ടന്നു പറഞ്ഞ് ആ കേസിലും ഉള്‍പ്പെടുത്തി. ബല്‍ഗാം ജയിലിലും അവരെ കാണാന്‍ പോയി. അതിനു മുന്നിലെത്തിയിട്ടും എന്റെ മകനെ ഒന്നു കാണാന്‍ അവര്‍ സമ്മതിച്ചില്ല. ജയിലിന്റെ മുന്നില്‍നിന്ന് ഇതുപോലെ പലപ്രാവശ്യം തിരിച്ചുവരേണ്ടിവന്നു. എന്തായി. ജീവനോടെയുണ്ടാ. ഒന്നുമറിയില്ല. പത്രങ്ങളിലും ചാനലുകളിലും ദിവസേനെ പ്രചരിക്കുന്ന കഥകള്‍ക്കപ്പുറം അവരെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ബാംഗ്ളൂര്‍ പരപ്പ അഗ്രഹാരം, ബല്‍ഗാം, ഗുല്‍ബര്‍ഗ, യര്‍വാദ ജയിലുകളിലേക്കൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞു മാറ്റിക്കൊണ്ടയിരുന്നു. ഗുല്‍ബര്‍ഗാ ജയിലില്‍ കഴിയുമ്പോള്‍ അവരെ വാഗമണ്‍ കേസിലുമുള്‍പ്പെടുത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുവന്നു. ആ സമയത്താണ് എറണാകുളം കലക്ടറേറ്റില്‍ സ്ഫോടനം നടക്കുന്നത്. പിന്നീട് ആ കേസിലും എന്റെ മകനെ അവര്‍ പ്രതിചേര്‍ത്തുവെന്നറിഞ്ഞപ്പോള്‍ നെഞ്ചുപൊട്ടുന്ന വേദനയായിരുന്നു. അന്നുരാത്രി രണ്ടുമണിക്ക് പോലിസ് വല്ലാത്ത ഭീതിസൃഷ്ടിച്ച് കുഞ്ഞുണ്ണിക്കരയില്‍ വന്നു. എന്നെയും എന്റെ ഭാര്യയെയും അറസ്റ് ചെയ്തുകൊണ്ടുപോയി. പലപ്രാവശ്യം പോലിസ് എന്റെ വീട്ടില്‍വന്നിട്ടുണ്ടങ്കിലും ഓരോപ്രാവശ്യം വരുമ്പോഴും കാടിളക്കിയാണ് വരവ്. വീട് അറിയുന്ന പോലിസുകാര്‍ തന്നെ ആലുവ മുതല്‍ ഓരോ വീട്ടിലും അന്യേഷിക്കും. എന്റെ വീടെവിടെയെന്ന്. അവനെ വിയ്യൂരില്‍പോയി കണ്ടു എന്നതായിരുന്നു ഞങ്ങളെ രാത്രി ആ സമയത്തുവന്ന് പിടിച്ചുകൊണ്ടുപോവാനുള്ള കാരണം. എന്റെ മൂത്തമകനെ അന്നുരാത്രി രണ്ടരയ്ക്ക് അവന്റെ ഭാര്യാവീട്ടില്‍നിന്നായിരുന്നു അറസ്റ് ചെയ്തത്. വിയ്യൂര്‍ ജയിലില്‍ അവനെ കാണാന്‍പോയവരുടെയൊക്കെ വീട്ടില്‍ പോലിസെത്തി. സ്കൂള്‍ പഠനശേഷം ഏറ്റവും നല്ല മാര്‍ഗത്തിലാണ് ഞാന്‍ അന്‍സാറിനെ അയച്ചത്. ആലുവാ അല്‍ അസ്ഹര്‍ അറബിക് കോളജിലും പിന്നീട് ലഖ്നോ നദ് വത്തുല്‍ ഉലമയിലേക്കും. അവിടെനിന്നു പഠംനംപൂര്‍ത്തിയാക്കി ഇസ്ലാമിക പ്രവര്‍ത്തനവും സാമൂഹികപ്രവര്‍ത്തനവുമായി അവന്‍ സജീവമാവുന്നതു കണ്‍കുളിര്‍ക്കെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. യാതൊരുവിധ ദുശ്ശീലങ്ങളുമില്ലാത്ത അന്‍സാറിനേയും ശിബിലിയെയും ശാദുലിയെയും പോലുള്ളവര്‍ക്ക് എങ്ങനെ ഭീകരവാദിയാവാന്‍ കഴിയും. അവരെ ഭീകരവാദികളാക്കുന്നത് പോലിസും മാധ്യമങ്ങളുമാണ്. രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തി ഭരണകൂടം തന്നെ ഒരു ശത്രുവിനെ സൃഷ്ടിക്കുന്നു. അന്‍സാറിന്റെ കഥകള്‍ പിതാവില്‍നിന്നു കേട്ടുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് പലതരം വികാരങ്ങള്‍ മാറിമറിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. ചിലപ്പോള്‍ പൊട്ടിച്ചിരിക്കും. ചിലപ്പോള്‍ കണ്ണുനിറയും. ഈ വേദനകള്‍ മറ്റൊരാളോടുകൂടി പങ്കുവയ്ക്കുമ്പോള്‍ മസ്സിനോരു സമാധാമാണെന്ന് ഇടയ്ക്കിടെ അബ്ദുറസാഖ് പറഞ്ഞുകൊണ്ടിരുന്നു. കേരളത്തിലെ ജയില്‍വാസം കഴിഞ്ഞ് പിന്നീട് മഹാരാഷ്ട്രയിലെ നരസിംഹ്പൂരിലേക്കായിരുന്നു അവരെ  കൊണ്ടുപോയത്. അവിടെയെത്തുമ്പോഴാണ് അഹ്മദാബാദിലെ സബര്‍മതി ജയിലിലേക്കുകൊണ്ടുപോയെന്നറിയുന്നത്. മറ്റ് ഏതു സംസ്ഥാനങ്ങളിലെ കേസില്‍ ഉള്‍പ്പെടുത്തുന്നതിക്കോള്‍ ഭീകരമായിരുന്നു ഗുജറാത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ അവരെ പ്രതികളാക്കിയത്. അഹ്മദാബാദ് സ്ഫോടനങ്ങളിലും അവരെ പ്രതിചേര്‍ത്തു. മറ്റു നിരപരാധികളായ ധാരാളം മുസ്ലിം ചെറുപ്പക്കാരെപ്പോലെ. ഇവരുടെ കേസുമായി പോയപ്പോള്‍ പ്രശസ്തനായ അഭിഭാഷകന്‍ അഡ്വ. മുന്‍ഷി പറഞ്ഞു: "ഗുജറാത്ത് സേ മുസല്‍മാന്‍ കോയി ഇന്‍സാഫ് ഹി മിലേഗാ'' (ഗുജറാത്തില്‍നിന്നു മുസല്‍മാന് ഒരിക്കലും നീതി ലഭിക്കില്ല) എന്ന്. 

ആദ്യഘട്ടത്തില്‍ ക്രൂരമായി ഇവരെ പോലിസ് പീഡിപ്പിച്ചു. "15 ദിവസം രാവുംപകലും അവര്‍ എന്റെ മക്കളെ ഉറക്കിയില്ല'' പൊട്ടിച്ചിരിച്ചുകൊണ്ടാണ് റസാഖ് ഇതു പറഞ്ഞത്. ഈ ദുരന്തകഥകളൊക്കെ ധാരാളം കാലംകഴിഞ്ഞാണ് ഞങ്ങളറിയുന്നത്. 30 വയസ്സുപോലും തികയാത്ത എന്റെ മകനെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടയിരുന്നു. ആരും ചോദിക്കാനില്ല. അവനെക്കുറിച്ചു പുറത്തുവിടുന്ന വാര്‍ത്ത അവര്‍ ഭീകരവാദിയാണെന്നതു മാത്രം. റസാഖിന്റെ കണ്ണുകള്‍ നിറഞ്ഞു. 

2008 ഫെബ്രുവരി 28നായിരുന്നു അന്‍സാറിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് കേവലം 22 ദിവസമാണ് അവര്‍ ഒരുമിച്ചു താമസിച്ചത്. കുഞ്ഞുണ്ണിക്കര സ്വദേശിനിയായ മുഹ്സിയാണ് ഭാര്യ. 23ന്റെയന്ന് യാത്ര പറഞ്ഞുപോയതാണ്. അന്‍സാര്‍ തിരിച്ചുവരുന്നതും കാത്ത് അവളിരിക്കുകയാണ്. 

ഓരോ പ്രാവശ്യം ജയിലില്‍ പോവുമ്പോഴും അവരോടൊപ്പമുള്ള നിരപരാധികളുടെ കഥകള്‍ അന്‍സാറും ശിബിലിയും ശാദുലിയുമൊക്കെ പറഞ്ഞുതരും. ഇന്‍ഡോര്‍ കേസില്‍ത്തന്നെ കഴിയുന്ന എത്രയെത്ര ചെറുപ്പക്കാര്‍. ആ കദനകഥകള്‍ കേള്‍ക്കുമ്പോള്‍ തങ്ങളുടെ മക്കളുടേത് വളരെ ചെറുതെന്നു തോന്നിപ്പോവും. ആന്ധ്രപ്രദേശിലെ നസ്റുദ്ദീന്‍ മൌലായും അദ്ദേഹത്തിന്റെ മൂന്നു മക്കളും വര്‍ഷങ്ങളോളം ജയിലിലായിരുന്നു. വന്ദ്യവയോധികനായ നസ്റുദ്ദീന്‍ ജാമ്യത്തിലിറങ്ങി പുറത്തുവന്നപ്പോള്‍ പീഡനംമൂലം ആരോഗ്യം തകര്‍ന്നിരുന്നു. വളരെ ദാരുണമാണ് അവരുടെ ജീവിതാവസ്ഥ. ഗുജറാത്ത് മന്ത്രിയായിരുന്ന ഹിരണ്‍പാണ്ഡ്യയെ വധിച്ചത് നസ്റുദ്ദീന്‍ മൌലായുടെ പ്രസംഗം കേട്ടിട്ടാണെന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. ഇതുകഴിയുമ്പോള്‍ മറ്റൊന്ന് അവര്‍തന്നെ കണ്ടുപിടിക്കും. എല്ലാ കേസിലും യു.എ.പി.എ. ചുമത്തിയിരിക്കുകയാണ്.  

നസ്റുദ്ദീന്‍ മൌലായുടെ മകളുടെ മകനെയും ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. നസ്റുദ്ദീന്‍ മൌലായും അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളും ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ കേസ് നടത്താനായി കോടതികള്‍ കയറിയിറങ്ങിയിരുന്നത് 65 വയസ്സിലധികം പ്രായമുള്ള അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. അന്ന് അവരെ സഹായിക്കാന്‍ കൂടെപോയിരുന്ന മകളുടെ മകനാണ് ഉബൈദുര്‍റഹ്മാന്‍. ഉബൈദുര്‍റഹ്മാനും ഇപ്പോള്‍ ജയിലിലാണ്. ഇങ്ങനെ അറിയുന്നവരും അറിയാത്തവരുമായി നിരവധിപേര്‍. 

അന്‍സാറിനെയും ശിബിലിയെയുമൊക്കെ ജയിലില്‍നിന്നു കോടതിയിലേക്കുകൊണ്ടുപോവുന്നതുതന്നെ ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ബസ്സില്‍ മറ്റു നിരവധി പോലിസ് വാഹനങ്ങളുടെ അകമ്പടിയോടെ എല്ലാവരും മാര്‍ക്കറ്റുകളില്‍ ഉണ്ടാവുന്ന സമയത്താണ്. അതിലൂടെ ഒരു സന്ദേശമയക്കുകയാണ് പോലിസ് ലക്ഷ്യം.

കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റൊരു കേസ് കൂടി ഇവരുടെമേല്‍ ചുമത്തി. സബര്‍മതി ജയിലില്‍ തുരങ്കം ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണ് കേസ്. ആദ്യം അഞ്ചു ദിവസവും പിന്നീട് മൂന്നു ദിവസവും ഇവരെ പോലിസ് കസ്റഡിയില്‍ വിട്ടു. പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്‍സാര്‍ നദ് വി പൊട്ടിക്കരഞ്ഞുകൊണ്ടു ചോദിച്ചു: "എന്തിനാണ് ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാരെ ഇങ്ങനെ പീഡിപ്പിച്ചു കൊല്ലുന്നത്. ന്യായാധിപന്‍ നിങ്ങള്‍ക്കു നിങ്ങളുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ഞങ്ങളെ വെടിവച്ചുകൊന്നുകൂടെ. ഇങ്ങനെ ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നതിക്കോള്‍ ഭേദം അതാണ്'' എല്ലാം ഈ ന്യായാധിപന്‍മാര്‍ക്കു മുന്നില്‍ വനരോദനമാവുകയാണ്. കഴിഞ്ഞയാഴ്ച അന്‍സാര്‍, ശിബിലി, ഹാഫിസ് ഹുസയ്ന്‍ എന്ന കര്‍ണാടക സ്വദേശി എന്നിവരും ജയില്‍വാര്‍ഡന്‍മാരും ചേര്‍ന്നാണ് തുരങ്കമുണ്ടാക്കിയതെന്ന മറ്റൊരു കേസ്കൂടി എടുത്തിരിക്കുന്നു. ഇങ്ങനെ ജീവിതകാലം മുഴുവന്‍ അകത്തിടാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. 

ഓരോ പ്രാവശ്യം കാണാന്‍ പോവുമ്പോഴും അന്‍സാറും കൂട്ടുകാരും പാന്റും ബനിയനുമൊക്കെ വേണമെന്നു പറയും. എന്തിനാണ് നിങ്ങള്‍ക്കിത്രയും സാധനങ്ങള്‍ എന്നൊരിക്കല്‍ ചോദിച്ചപ്പോഴാണ് അവര്‍ പറയുന്നത്: ഞങ്ങള്‍ക്കല്ല, ഇവിടെ വര്‍ഷങ്ങളായി ഞങ്ങള്‍ക്കൊപ്പം കഴിയുന്ന ജാര്‍ഖണ്ഡ് സ്വദേശികളുണ്ട്. അവര്‍ ജയിലിലെത്തിയ ശേഷം ഇന്നുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഇവിടെ വന്നുകാണാന്‍ പോലും അവര്‍ക്ക് ഉറ്റവരോ ഉടയവരോ ഇല്ല. ഉള്ളവര്‍ക്ക് അന്യേഷിച്ചെത്താന്‍ മാത്രമുള്ള വിദ്യാഭ്യാസവുമില്ല. അവര്‍ക്കും കൂടിയുള്ളതാണ് ഇതൊക്കെ. ആ മനുഷ്യരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍, ഇങ്ങനെ അറിയുന്നതും അറിയാത്തവരുമായ ചെറുപ്പക്കാരുടെമേല്‍ ഇത്തരം ഭീകരനിയമങ്ങള്‍ ചുമത്തപ്പെട്ട് ഇരുളറകളില്‍ തള്ളിയിരിക്കുന്ന സംഭവങ്ങള്‍ അറിയുമ്പോള്‍ ചിലദുഃഖങ്ങള്‍ അലിഞ്ഞില്ലാതാവും. എല്ലാത്തിനും നീതിമാനായ തമ്പുരാന്‍ പരിഹാരം കാണുമെന്ന ശുഭാപ്തി വിശ്വാസം വര്‍ധിക്കുകയാണ്. ക്ഷമയോടെ കാത്തിരിക്കാന്‍ ഈ ചെറുപ്പക്കാരുടെ ജീവിതം എന്നെ പഠിപ്പിക്കുകയാണ്. റസാഖ് പറഞ്ഞുനിര്‍ത്തി. 

തീര്‍ന്നിട്ടില്ല ...... 


അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"