2013, ജൂൺ 5, ബുധനാഴ്‌ച

യഹ് യ തടവിലായിട്ട് അഞ്ചുവര്‍ഷം; കൊണ്ടുപോയത് ഉടന്‍ തിരികെയെത്തിക്കാമെന്നു പറഞ്ഞ്


യു.എ.പി.എ. ഭീകരനിയമത്തിന്റെ ബലിയാടുകള്‍ - 4 


കോഴിക്കോട് ജില്ലയിലെ മുക്കം ഗോതമ്പ് റോഡില്‍ നിരോലിപ്പില്‍ വീരാന്‍കുട്ടിയുടെയും ഖദീജയുടെയും മകന്‍ യഹ് യ  ഇയാഷ് (കമ്മുക്കുട്ടി) ഒരുകാലത്ത് ഇന്ത്യയുടെ ഐ.ടി. നഗരമായ ബാംഗ്ളൂരിലെ സോഫ്റ്റ് വെയര്‍ കമ്പനികളുടെ കണ്ണിലുണ്ണിയായിരുന്നു. സമര്‍ഥനായ ഈ എന്‍ജിനിയറെ തങ്ങളുടെ സ്ഥാപനത്തിലെത്തിക്കാന്‍ കമ്പനികള്‍ മല്‍സരിച്ചിരുന്നു. 1995ല്‍ കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി)യില്‍നിന്ന് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി കാംപസില്‍നിന്നു തന്നെ ബാംഗ്ളൂരിലെ ടാറ്റാ ഇന്‍ഫോടെക്കിലേക്കു സെലക്ഷന്‍ ലഭിച്ച യഹ് യ പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിരുന്നില്ല. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി ഈ യുവഎന്‍ജിനിയര്‍ യു.എ.പി.എ. ചുമത്തപ്പെട്ട് ഇരുമ്പഴിയെണ്ണുകയാണ്. നിരോധിത സംഘടനയായ സിമിയില്‍ പ്രവര്‍ത്തിച്ചെന്നും ബാംഗ്ളൂരില്‍ താന്‍ താമസിച്ചതിനു സമീപത്തുള്ള കെട്ടിടത്തില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുമാണ് യഹ് യയുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. 

"2008 ഫെബ്രുവരി 17നു വീടിന്റെ വാര്‍പ്പ് കഴിഞ്ഞ് പണിക്കാര്‍ക്കു കൂലിയും കൊടുത്തു സന്തോഷത്തോടെ ഞങ്ങളോടു യാത്ര പറഞ്ഞുപോയതാണ് യഹ്  യയും ഗര്‍ഭിണിയായ ഭാര്യ ഫരീദയും ചെറിയ മൂന്നു കുട്ടികളും. പിന്നീട് എന്റെ മകന്‍ തിരിച്ചുവന്നിട്ടില്ല.'' പിതാവ് വീരാന്‍കുട്ടി ഗദ്ഗദത്തോടെ പറഞ്ഞു. ഫെബ്രുവരി 18നു ഓഫിസില്‍നിന്ന് തിരികെയെത്തി രാത്രി ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഏതാണ്ട് 10 മണിയോടെ ഫ്ളാറ്റിലേക്ക് അപരിചിതരായ നാലാളുകള്‍ കയറിവരുന്നത്. "ചില കാര്യങ്ങള്‍ സംസാരിക്കാനായി ഞങ്ങളോടൊപ്പം വരണം. 20 മിനിറ്റിനുള്ളില്‍ തിരിച്ചെത്തിക്കാം.'' വന്നവര്‍ പറഞ്ഞു. നിങ്ങളാരാണെന്നു ചോദിച്ചപ്പോള്‍ ഐ.ബി. ഉദ്യോഗസ്ഥരാണെന്നു തെളിയിക്കുന്ന രേഖ കാണിച്ചിരുന്നതായി ഫരീദ പറയുന്നു. ഫ്ളാറ്റിനു താഴെ അവര്‍ വന്നവാഹനത്തില്‍ മറ്റുചിലര്‍ കൂടിയുണ്ടായിരുന്നു. 

എന്നാല്‍, രാത്രി ഏറെ വൈകിയിട്ടും യഹ് യ തിരിച്ചുവന്നില്ല. ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുന്നു. പിറ്റേദിവസം സുഹൃത്തുക്കളെ വിവരമറിയിച്ചു. നാട്ടിലേക്കും വിളിച്ചുപറഞ്ഞു. അടുത്തദിവസം തന്നെ പിതാവും ഭാര്യാസഹോദരും ബാംഗ്ളൂരിലെത്തി. കെട്ടിട ഉടമയോടും അയല്‍ക്കാരോടുമൊക്കെ സംസാരിച്ചപ്പോള്‍ പല സംശയങ്ങളും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ബാംഗ്ളൂരില്‍നിന്നു ചിലരെ തട്ടിക്കൊണ്ടുപോയ വാര്‍ത്തകള്‍ വന്നിരുന്നത്. എല്ലാ പോലിസ് സ്റ്റേഷനുകളിലും അന്യേഷിച്ചെങ്കിലും യഹ് യയെ കണ്ടത്താന്‍ കഴിഞ്ഞില്ല. 

അധികമൊന്നും പരിചയമില്ലാത്ത ബാംഗ്ളൂര്‍ സിറ്റിയില്‍ വീരാന്‍കുട്ടിയും യഹ് യയുടെ ഭാര്യാസഹോദരനും ഗര്‍ഭിണിയായ ഫരീദയും യഹ് യയെത്തേടി അലഞ്ഞുനടന്നു. നാലാംദിവസം ഫെബ്രുവരി 21നു പരിചയക്കാരായ വക്കീലുമായി ബന്ധപ്പെട്ട് കേസ് കൊടുക്കാന്‍ തീരുമാനിച്ചു. യഹ് യയുടെ ചെറിയ കുട്ടികളുമായി വീരാന്‍കുട്ടി നാട്ടിലേക്കു വരാനായി ബസ്സ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് ചാനലുകളില്‍ മകനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ കാണുന്നത്. അപ്പോഴേക്കും 16ഓളം ആളുകളെ പലയിടങ്ങളില്‍ നിന്നുമായി ഇങ്ങനെ അറസ്റ് ചെയ്തിരുന്നു. ചാനലുകളില്‍ രാജ്യത്തെ അപകടപ്പെടുത്തിയ ഭീകരന്‍മാരെ അതിസാഹസികമായി പോലിസ് കീഴ്പ്പെടുത്തിയതിക്കുനെറിച്ച് കഥകള്‍ വന്നുകൊണ്ടേയിരുന്നു. പിന്നീടാണറിയുന്നത് ഇവരെ അറസ്റ്റ് ചെയ്യുന്നതിനു രണ്ടാഴ്ച മുമ്പുതന്നെ ബാംഗ്ളൂരില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നുവെന്ന രീതിയില്‍ പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നുവെന്ന്. അതൊക്കെയും പോലിസ് നല്‍കിയവയായിരുന്നു. മുമ്പ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ അറസ്റ് ചെയ്തപ്പോള്‍ അതിനുമുമ്പായി പ്രാദേശികപത്രങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫെബ്രുവരി 22നു ഫരീദയും സഹോദരനും  വക്കീലിനെ കാണാന്‍ പോയി രാത്രി മടങ്ങിവരുമ്പോള്‍ യഹ് യയും കുടുംബവും താമസിച്ചിരുന്ന ഫ്ളാറ്റ് തുറന്ന് പോലിസും അവര്‍ ക്ഷണിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകരും 'പരിശോധന' നടത്തുന്ന കാഴ്ചയാണ് ദൂരെനിന്നു കാണുന്നത്. 

അവിടേക്കു പോവുന്നത് പന്തിയല്ലെന്നു തോന്നി തല്‍ക്കാലം മാറിനിന്നു. ഒരുതരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്കും പോലിസ്. നാലാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്നവേളയില്‍ തനിക്കു നേരിടേണ്ടിവന്ന ദുരവസ്ഥകള്‍ വിവരിക്കുമ്പോള്‍ ഇപ്പോഴും ഫരീദയുടെ കണ്ണുകളില്‍ ഭീതി തെളിയുന്നു. ആദ്യഘട്ടത്തില്‍ ഇവരുടെ കേസ് ഏറ്റെടുക്കാന്‍ അഭിഭാഷകരാരും തയ്യാറായില്ല. ഇത്തരം കേസുകള്‍ ഏറ്റെടുക്കേണ്ടതില്ലെന്നു ബാര്‍ കൌണ്‍സിലുകള്‍ തീരുമാനിച്ചിരുന്ന സാഹചര്യമായിരുന്നു അത്. ഈ ഘട്ടത്തില്‍ ആദ്യമായി അറസ്റ് ചെയ്യപ്പെട്ട ഈരാറ്റുപേട്ടയിലെ ശിബിലി, ശാദുലി ആലുവയിലെ അന്‍സാര്‍ നദ് വി എന്നിവരുള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ട് കേസുകള്‍ വാദിക്കുന്നതിനായി കഴിവുള്ള അഭിഭാഷകരെ ഏര്‍പ്പാടാക്കിയത് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ) ആയിരുന്നു. പ്രധാനമായും അഡ്വ. കെ പി മുഹമ്മദ് ശരീഫ് ആണ് സമര്‍ഥരായ വക്കീലന്‍മാരെ ഏര്‍പ്പാടാക്കിയതെന്ന് ഫരീദ പറയുന്നു. 

ആദ്യം ബല്‍ഗാം ജയിലിലേക്കാണു യഹ് യയെയും മറ്റു തടവുകാരെയും കൊണ്ടുപോയത്. ഏറ്റവും മോശമായ രീതിയിലായിരുന്നു ജയിലിലെ ഉദ്യോഗസ്ഥര്‍ അവരോടു പെരുമാറിയത്. ഖുര്‍ആന്‍ ഓതുമ്പോള്‍ തട്ടിത്തെറിപ്പിച്ചും നമസ്കരിക്കുന്നിടത്ത് കാര്‍ക്കിച്ചു തുപ്പിയും ഇവരെ ആക്ഷേപിക്കും. മതവിദ്വേഷം വച്ചുകൊണ്ടുള്ള ജയില്‍ ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ അസഹ്യമായപ്പോള്‍ ദിവസങ്ങളോളം നിരാഹാരം കിടന്നും പ്രതിഷേധിച്ചുമാണ് ബല്‍ഗാം ജയിലില്‍നിന്ന് ഇവരെ ഗുല്‍ബര്‍ഗയിലേക്കു മാറ്റിയത്. ഇപ്പോള്‍ യെര്‍വാദ ജയിലിലാണ്. സാമൂഹിക സ്പര്‍ധയുണ്ടാക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ യഹ് യയെപ്പോലൊരു മാന്യന്‍ ഇടപെടുമെന്നു കരുതുന്നില്ലെന്ന് നാട്ടുകാര്‍ ഒരേസ്വരത്തില്‍ പറയുന്നു. രാജ്യത്തിന്റെ വികസത്തിനും പുരോഗതിക്കും ഉപയോഗപ്പെടുത്തേണ്ട യഹ് യയെപ്പോലുള്ള സമര്‍ഥരായ എന്‍ജിനിയര്‍മാരെ അവരുടെ ഏറ്റവും നല്ല പ്രായത്തില്‍ യു.എ.പി.എ. പോലുള്ള വകുപ്പുകള്‍ ചുമത്തി ക്രൂരമായി പീഡിപ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. 

തുടരും .......


അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"