2013, ജൂൺ 3, തിങ്കളാഴ്‌ച

പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പേ തീവ്രവാദിയായ സക്കരിയ




യു എ പി എ - ഭീകരിയമത്തിന്റെ ബലിയാടുകള്‍ - 3 


യു.എ.പി.എയുടെ രൂപത്തിലായിരുന്നു പരപ്പനങ്ങാടിയിലെ സക്കരിയ എന്ന 18കാരന്റെ ജീവിതത്തിലേക്കു ദുരന്തങ്ങള്‍ കടന്നുവന്നത്. 2009 ഫെബ്രുവരി 5നു രാവിലെ പതിവുപോലെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണവുമെടുത്ത് ഉമ്മയോടു സലാം പറഞ്ഞു പോയതാണ്. ഇനിയും തിരിച്ചുവന്നിട്ടില്ല. 

അന്ന് പതിനൊന്നരമണിക്ക് തിരൂര്‍ ഗള്‍ഫ് ബസാറില്‍ സക്കരിയ ജോലിചെയ്യുന്ന കടയിലേക്കു കയറിവന്ന അപരിചിതര്‍ അവനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനെക്കുറിച്ച് സക്കരിയയുടെ ഉമ്മയുടെ സഹോദരന്റെ മകനും അടുത്ത സുഹൃത്തും ഇപ്പോള്‍ ഫ്രീ സക്കരിയാ ആക്ഷന്‍ ഫോറം കണ്‍വീനറുമായ ശുഹൈബ് പറയുന്നതിങ്ങനെ. "അന്നു വൈകുന്നേരം ഏതാണ്ട് നാലുമണി കഴിയുമ്പോഴാണ് ഞാന്‍ വിവരമറിയുന്നത്.  രാവിലെ കുറച്ചാളുകള്‍ ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഉടന്‍തന്നെ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. എം.എല്‍.എ. പി കെ അബ്ദുറബ്ബിനെ ചെന്നുകണ്ടു. അദ്ദേഹം പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ തുടങ്ങി സമീപത്തെ മുഴുവന്‍ പോലിസ് സ്റ്റേഷനുകളിലും വിളിച്ചന്യേഷിച്ചു. ആര്‍ക്കും സംഭവത്തെക്കുറിച്ച് അറിയില്ല.'' 

പിന്നീട് ഫെബ്രുവരി 8ആം തിയ്യതി പത്രങ്ങളിലൂടെയാണ് സക്കരിയയെ പിടിച്ചുകൊണ്ടുപോയത് ബാംഗ്ളൂര്‍ സ്ഫോടനക്കേസ് അന്യേഷിക്കുന്ന ഉദ്യോഗസ്ഥരാണെന്നറിയുന്നത്. സ്ഫോടനത്തിന്ന് ആവശ്യമായ ടൈമറുകള്‍ നിര്‍മിച്ചയാള്‍ അറസ്റ്റില്‍ എന്നായിരുന്നു വാര്‍ത്ത. അതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞതായി ശുഹൈബ് പറയുന്നു. ആരെയെങ്കിലും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. പരിചയക്കാര്‍ കാണുമ്പോള്‍ വഴിമാറി നടക്കും. ബന്ധുക്കള്‍പോലും വീട്ടില്‍ വരില്ല. പെട്ടെന്നൊരുദിവസം എല്ലാവര്‍ക്കുമിടയില്‍ ഒറ്റപ്പെട്ടതുപോലെ. പോലിസ് നിരന്തരം വീട്ടില്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു. ഇതോടെ സക്കരിയയുടെ ഉമ്മ ബീയുമ്മ വീടുപൂട്ടി സഹോദരന്റെ വീട്ടിലേക്കു താമസമാക്കി. 

പരിചയക്കാരായ പ്രാദേശിക ലേഖകന്‍മാര്‍ പോലിസിനെ ഉദ്ധരിച്ച് കഥകളെഴുതി. ഒരാള്‍പോലും വസ്തുതയെന്തെന്നന്യേഷിച്ചില്ല. ഭീകരമായിരുന്നു അന്നത്തെ അവസ്ഥ. ശുഹൈബ് ദീര്‍ഘിനിശ്വാസത്തോടെ പറഞ്ഞു. 

പരേതനായ വാണിയമ്പറത്ത് കുഞ്ഞുമുഹമ്മദിന്റെയും ബീയുമ്മയുടെയും നാലുമക്കളില്‍ ഇളയവനാണ് സക്കരിയ. സക്കരിയക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ഉപ്പ മരിച്ചു. ശേഷം വയനാട്ടില്‍നിന്നു ഉമ്മയുടെ നാടായ പരപ്പനങ്ങാടിയിലേക്കു വന്നതാണ്. എളുപ്പത്തില്‍ ജോലി തരപ്പെടുമെന്ന പ്രതീക്ഷയിലാണ് ഡിഗ്രി പഠനം പാതിവഴിയിലാക്കി തിരൂരിലെ മെറിറ്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ ആറുമാസത്തെ മൊബൈല്‍ ടെക്നൊളജി കോഴ്സിനു ചേര്‍ന്നത്. പഠനശേഷം, പരിചയക്കാരില്‍പ്പെട്ട അബ്ദുര്‍റഹീമെന്ന അഫ്താബാണ്(അബ്ദുര്‍റഹീം പിന്നീട് കശ്മീര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നു പോലിസ് പറയുന്നു) കൊണ്ടോട്ടിയിലുള്ള തന്റെ ഭാര്യാസഹോദരന്‍ ഷറഫുദ്ദീന്റെ കടയില്‍ ജോലി ഏര്‍പ്പാടാക്കിക്കൊടുത്തത്. കൃത്യമായി ശമ്പളം കിട്ടാത്തതും യാത്രാദുരിതവുംമൂലം ഒന്നരമാസത്തിനുശേഷം ആ ജോലി ഉപേക്ഷിച്ച സക്കരിയ തിരൂരില്‍ തന്നെ മറ്റൊരു ജോലിയില്‍ കയറി.  

ഷറഫുദ്ദീനൊടൊപ്പം ബാംഗ്ളൂര്‍ സ്ഫോടനത്തിന്ന് ആവശ്യമായ ടൈമറുകളും മൈക്രോചിപ്പുകളും നിര്‍മിച്ചുനല്‍കിയെന്നാണ് സക്കരിയക്കെതിരായ കേസ്. ആറുമാസത്തെ മൊബൈല്‍ ടെക്നൊളജി പഠിച്ച കേവലം പ്ളസ്ടുക്കാരായ സക്കരിയക്കു അതിനുള്ള സാങ്കേതിക പരിജ്ഞാനമില്ലെന്ന് അന്യേഷണ ഉദ്യോഗസ്ഥര്‍ക്കുതന്നെ അറിയാം. മാത്രവുമല്ല, അവിടെനിന്നു ജോലിവിട്ട് ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞശേഷമാണ് അറസ്റ്റുണ്ടാവുന്നത്. 

കൂടുതല്‍ തെളിവുകളുണ്ടാക്കി സക്കരിയയുടെ കേസ് ശക്തിപ്പെടുത്താനായിരുന്നു പിന്നീട് പോലിസ് ശ്രമം. മുഖ്യസാക്ഷിയായി പോലിസ് അവതരിപ്പിക്കുന്ന ഹരിദാസന്‍ പറയുന്നത് താനിതുവരെ സക്കരിയയെ നേരില്‍ കണ്ടിട്ടില്ലെന്നാണ്. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മരമില്‍ വ്യവസായം നടത്തുന്ന ഹരിദാസന്‍ 2001ല്‍ അവിടെയൊരു വാടകവീട്ടില്‍ കുടുംബസമേതം താമസിച്ചിരുന്നു. അക്കാലത്ത് ആ വീടിന്റെ മുകളില്‍ നടന്നിരുന്ന ത്വരീഖത്ത് ക്ളാസുകളെക്കുറിച്ച് അന്യേഷണസംഘം ഹരിദാസില്‍നിന്നു മൊഴിയെടുത്തു. "2008ല്‍ നടന്ന ബോംബ് സ്ഫോടനത്തെക്കുറിച്ച് 2001ല്‍ ഒരു വാടകവീട്ടില്‍ താമസിച്ച എനിക്കെന്തു പറയാനാവുമെന്ന് ഹരിദാസന്‍ ചോദിക്കുന്നു.'' 

പോലിസിന്റെ തിരക്കഥയനുസരിച്ച് 2001ലെ ത്വരീഖത്ത് ക്ളാസില്‍ സക്കരിയ പങ്കെടുത്തിട്ടുണ്ടങ്കില്‍ അപ്പോള്‍ അയാള്‍ക്ക് ഒമ്പത് വയസ്സ് പൂര്‍ത്തിയാവുകയേയുള്ളൂ. 

മറ്റൊരു സാക്ഷി കൊണ്ടോട്ടിയിലെ ഷറഫുദ്ദീന്റെ സഹോദരനായ നിസാമുദ്ദീനാണ്. നിസാമിനോട് കന്നഡ ഭാഷയില്‍ എഴുതി തയ്യാറാക്കിയ ഒരു പേപ്പറില്‍ ഒപ്പിടാന്‍ പോലിസ് ആവശ്യപ്പെടുന്നു. ഇതെന്താണെന്നു ചോദിച്ചപ്പോള്‍ "നിന്റെ ജ്യേഷ്ഠന്‍ ഉപയോഗിച്ച മൊബൈല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് നിയാണെന്നതിനുള്ള രേഖയെന്നായിരുന്നു മറുപടി.'' പിന്നീടാണ് അത് സക്കരിയക്ക് എതിരായ സാക്ഷിമൊഴിയാണെന്നറിയുന്നത്. 

ആദ്യഘട്ടത്തില്‍ പല വക്കീലന്‍മാരും കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നു ശുഹൈബ് പറയുന്നു. ഏറ്റെടുക്കാന്‍ തയ്യാറാവുന്നവരാവട്ടെ ചോദിക്കുന്നത് 50ഉം 60ഉം ലക്ഷവും. ബാംഗ്ളൂര്‍ വെണ്ണാര്‍ഘട്ടയിലുള്ള പരപ്പന അഗ്രഹാര ജയിലിലാണ് സക്കരിയ. കോടതിയും അവിടെത്തന്നെ. 

കേസ് വക്കീലിനു ഏല്‍പ്പിക്കുന്നത് നിരുല്‍സാഹപ്പെടുത്താന്‍ സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ ഓഫിസര്‍ ഓംകാരയ്യ പരമാവധി ശ്രമിച്ചിരുന്നു. സക്കരിയയുടെ മേല്‍ യാതൊരു കുറ്റവും ചുമത്തിയിട്ടില്ല. പിന്നെന്തിനാണ് കേസിനുപോയി പണം പാഴാക്കുന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അവസാനം മൂന്നാംമാസം കുറ്റപത്രം തയ്യാറാക്കിയപ്പോള്‍  സക്കരിയ പ്രതിപട്ടികയിലുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മുകളില്‍നിന്നുള്ള സമ്മര്‍ദ്ദംകൊണ്ട് ചെയ്തതാണെന്നായിരുന്നു ഓംകാരയ്യയുടെ മറുപടി. 

 കഴിഞ്ഞപ്രാവശ്യം സക്കരിയയെ കാണാന്‍ പോയപ്പോള്‍ തന്റെ സഹതടവുകാരായ ഒരു ബിഹാരിയെക്കുറിച്ച് പറഞ്ഞു. ഇയാള്‍ എന്നും തന്റെ പെട്ടിയും സാധനങ്ങളും അടുക്കി വൃത്തിയാക്കി വയ്ക്കും. ഇന്നു തന്നെ മോചിപ്പിക്കുമെന്ന് ജയിലറും മറ്റു പോലിസ് ഉദ്യോഗസ്ഥരും പറഞ്ഞിട്ടുണ്ടന്ന് പറഞ്ഞായിരുന്നു ഇത്. വൈകുന്നേരംവരേക്കും തനിക്കു പുറത്തുപോവാനുള്ള അുമതിയും പ്രതീക്ഷിച്ച് സന്തോഷത്തോടെ കാത്തിരിക്കും. ഒടുവില്‍ രാത്രി നിരാശയോടെ രാവിലെ അടുക്കിവച്ചതെല്ലാം നിവര്‍ത്തി ഉറങ്ങാന്‍ കിടക്കും. രണ്ടുദിവസം കഴിഞ്ഞാല്‍ ഏതെങ്കിലും പോലിസ് ഉദ്യോഗസ്ഥര്‍ ഇത്തരം ഉറപ്പുല്‍കിയെന്നു പറഞ്ഞ് പഴയതിനേക്കാള്‍ സന്തോഷത്തോടെ സാധനങ്ങള്‍ അടുക്കിവച്ച് കാത്തിരിക്കും. ഇടയ്ക്കിടെ ഈ സാധു ഇതാവര്‍ത്തിക്കുന്നതു കാണുമ്പോള്‍ സക്കരിയയുടെ നെഞ്ചുപിടയും.  

സക്കരിയ അറസ്റിലായിട്ടിപ്പോള്‍ നാലുവര്‍ഷവും നാലുമാസവുമായി. സക്കരിയക്കു നീതി ലഭിക്കുന്നതിനായി സംഘടിപ്പിച്ച ഫ്രീ സക്കരിയ ആക്ഷന്‍ ഫോറവുമായി എല്ലാവരും സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ആക്ഷന്‍ ഫോറം നടത്തിയ മുഷ്യാവകാശ സംഗമത്തില്‍ ആയിരങ്ങളാണു പങ്കെടുത്തത്. പ്രായപൂര്‍ത്തിയാവുന്നതിനുമുമ്പേ പോലിസും മാധ്യമങ്ങളും തീവ്രവാദിയാക്കിയ സക്കരിയക്കു നീതികിട്ടാന്‍ പ്രാര്‍ഥിക്കുകയാണ് ഒരു നാടുമുഴുവന്‍. 

തുടരും  


അഭിപ്രായങ്ങളൊന്നുമില്ല:

നന്ദി,ബ്ലോഗ് സന്ദര്‍ശിച്ചതിന്ന്,വീണ്ടും വരുമല്ലോ,"വായനയിലൂടെ അറിവ് - അറിവിലൂടെ ജീവിതവിജയം - ജീവിതവിജയത്തിന്ന് നേരറിവ്"